ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ പ്രക്ഷോഭം ശക്തമാക്കുന്നു. ഇടതു സംഘടനകള്‍, യുനൈറ്റഡ് എഗൈന്‍സ്റ്റ് ഹെയ്റ്റ്, ജാമിഅ മില്ലിയ്യ വിദ്യാര്‍ഥികള്‍ തുടങ്ങി 60 ലധികം സംഘടനകള്‍ വ്യാഴാഴ്ച ചെങ്കോട്ടയിലേക്ക് മാര്‍ച്ച് നടത്തും. എം.പിമാരെ അടക്കം പങ്കെടുപ്പിച്ചാണ് പ്രതിഷേധം. അതിനിടെ, ജാമിഅയിലും പരിസരത്തും നടക്കുന്ന സമരങ്ങള്‍ കൂടുതല്‍ സജീവമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ജാമിഅ വിദ്യാര്‍ഥികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ ബുധനാഴ്ച സംയുക്ത സമര സമിതി രൂപവത്കരിച്ചു.
പ്രദേശത്തെ ആളുകളെ പങ്കെടുപ്പിച്ച് കൂടുതല്‍ മേഖലയിലേക്ക് പ്രക്ഷോഭം വ്യാപിപ്പിക്കും. നിലവില്‍ പ്രദേശക്കാരായ ആളുകള്‍ വിവിധയിടങ്ങളില്‍ പ്രതിഷേധം നടത്തുകയാണ് ചെയ്യുന്നത്. വിദ്യാര്‍ഥികള്‍ക്കെതിരെ നടന്ന അതിക്രമം സംയുക്ത സമര സമിതി നിയമപരമായി നേരിടാനും തീരുമാനിച്ചു. ചെങ്കോട്ടയില്‍ നടക്കുന്ന പ്രതിഷേധത്തില്‍ എല്ലാവരോടും എത്തിച്ചേരാനും സമിതി ആവശ്യപ്പെട്ടു.
അതേസമയം, ബുധനാഴ്ച ജാമിഅ കാമ്പസിന്റെ ഗേറ്റ് നമ്പര്‍ ഏഴിനുമുന്നിലെ റോഡില്‍ നടന്ന പ്രതിഷേധത്തില്‍ സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍, സി.പി.ഐ നേതാവും ജെ.എന്‍.യു മുന്‍ സമരനായകനുമായ കനയ്യ കുമാര്‍ തുടങ്ങിയവര്‍ ഐക്യദാര്‍ഢ്യവുമായി എത്തി. പ്രതിഷേധം മുസ്ലിംകള്ക്കുവേണ്ടി മാത്രമല്ലെന്നും രാജ്യത്തിന്റെ മൊത്തം സുരക്ഷിതത്വത്തിന് വേണ്ടിയാണെന്നും കനയ്യ കുമാര്‍ പറഞ്ഞു. ജാമിഅയിലെ വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സര്‍വകലാശാലയിലെ അധ്യാപക സംഘടന ബുധനാഴ്ച പ്രകടനം നടത്തി.